നിങ്ങളുടെ ലൈക്കും ഒരു ചരിത്രമായേക്കാം
നിങ്ങള്‍ ലൈക്‌ ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. ഓരോ പേജിന്‍റേയും പോലെ ഈ പേജും ഇവിടെത്തന്നെ കാണും. പക്ഷെ, നിങ്ങളുടെ ഒരു ലൈക്ക്. അത് ഒരു ചരിത്രമായേക്കാം. വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് ലൈക്ക്‌ അടിക്കാന്‍ പ്രചോദനമേകുന്ന ഒരു മഹാചരിത്രം


വെള്ളരിക്കാപട്ടണം
ലോകപ്രശസ്തമായ ഒരു നഗരത്തിന്‍റെ ചരിത്രത്തില്‍ പെട്ട ഒരു ചരിത്രമാണിത്. വേങ്ങര വേങ്ങര എന്നൊരു നഗരം. 

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൌകര്യങ്ങള്‍. ന്യൂയോര്‍ക്കിനോടും വാഷിംഗ്ടണിനോടും കിട പിടിക്കുന്ന റോഡുകള്‍. മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍. ദൈവത്തിന്‍റെ സ്വന്തം
നഗരം. ഗോഡ്സ് ഓണ്‍ സ്വന്തം സിറ്റി. 

ഈ നഗരത്തിന്‍റെ ഒത്ത നടുക്ക്‌ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ചീനിമരം. അതിന്‍റെ നേരെ എതിര്‍വശത്ത് വേങ്ങരയുടെ അഭിമാനമായ  ബില്‍ഡിംഗ്‌ കോംപ്ലെക്സില്‍ നടക്കാന്‍ പോകുന്ന പരിപാടി.  'വേങ്ങരങ്ങാടി മുന്തിയ കട 2012‍'  അനൌന്‍സ്മെന്‍റ് വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞു.

99% കടപ്പാട്: ഹക്ക് വേങ്ങര

 "മാന്യമഹാനഗരവാസികളെ, കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യയുടെ അഭിമാനമായി മാറിയ വേങ്ങരങ്ങാടിയിലെ ഏറ്റവും മുന്തിയ കട കണ്ടുപിടിക്കാന്‍ നടത്തുന്ന 'വേങ്ങരങ്ങാടി മുന്തിയ കട 2012‍' രണ്ടാവത് സീസണ്‍ വേങ്ങരങ്ങാടിന്‍റെ നെഞ്ചത്ത് കെട്ടിപ്പൊക്കിയ തെക്കേവീട്ടില്‍ ബില്‍ഡിംഗ് കോംപ്ലക്സില്‍ വെച്ചു നടത്തിക്കപ്പെടും. "

വേങ്ങരങ്ങാടീന്ന്‍ തെരഞ്ഞെടുത്ത ഒമ്പത്‌ ബിസെന്‍സുകളില്‍ ഒന്നിനാണ് ഇക്കൊല്ലം അവാര്‍ഡ്.
ആരൊക്ക്യാ ലിസ്റ്റില്?? വേങ്ങരങ്ങാടി മുയിവന്‍ പൊന്തിച്ച ഫ്ലക്സ്‌ നോക്കിയാല്‍ അറിയാം. ഞമ്മളെ ബസ്‌സ്റ്റാന്‍റിലെ മെട്രോഫാര്‍മ നടത്ത്ണ അയമുദു, സിറ്റീല് ഏഷ്യ ക്ലോത്ത് മാര്‍ട്ട് നടത്തണ സത്താര്‍, കോള്‍ത്ത്‌ മാര്‍ട്ടിന് മുന്നില്‍ വാലക്സി സ്റ്റുഡിയോ നടത്തണ കുഞ്ഞോന്‍ പുറംപാടം, മാഹിറ കമ്മ്യുണിക്കേഷന്‍ കട നടത്തണ മൊവീല്‍ ഹംസാക്ക, തോഷ്യല്‍ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ് നടത്തുന്ന തോഷ്യല്‍ അബി, ഹോട്ടല്‍ ബെഡ്റോസ്റ്റ്‌ നടത്തുന്ന കുഞ്ഞാണി, കോപ്പില്‍ ബേക്കറി നടത്തണ ജിലേബി വാസു, പലചരക്ക് കട നടത്തണ വമ്പന്‍ സുക്കൂര്‍ ഹാജി, മിന്‍റാസ് ഇലക്ട്രിക്‌ കട  നടത്തണ ഹൈ വോള്‍ട്ടേജ്  മൈമു. ഈ ലിസ്റ്റിലെ ആളുകളുടെ പേര് നോക്കി സ്കൂപുണ്ടാക്കരുതെന്ന്‍ ഊരകത്തെ ലാക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു.

അവാര്‍ഡുന്നതോ?  ഒറ്റ കട കൊണ്ട് ലോകബിസിനസ്സിനെ കോരിമറിച്ചിട്ട, വേങ്ങരയെ വാള്‍സ്ട്രീറ്റിന്‍റെ പടിവാതില്‍ തള്ളിതുറക്കാന്‍ സഹായിച്ച നമ്മുടെ സൂപ്പര്‍ ബിസ്സെന്‍സാരന്‍ ബീരാനിക്ക.‍!. 

e ചിഹ്നം വേങ്ങര ഓണ്‍ലൈനിന്‍റെ, ബാക്കി ഡിസൈന്‍ മദിരാസി.
കഴിഞ്ഞ  സീസണിലും ഉണ്ടെയിനി ഇമ്മാതിരി ഒരു അവാര്‍ഡ്.. കൊള്ളലാഭം, വിപണനാന്തര പിടിച്ചുപറി, തട്ടിപ്പുവെട്ടിപ്പ് എന്നിത്യാദി മാനദണ്ഡങ്ങളില്‍ വേങ്ങരയിലെ ഒരു കടയും കവച്ചുവെക്കാന്‍ ധൈര്യപ്പെടാത്ത നമ്മുടെ മലര്‍ ജ്വല്ലറിയുടെ എം.ഡി ബീരാന്‍ കുട്ടിക്കാണ് അന്ത അവാര്‍ഡ് കിട്ട്യേത്.. അതേ ബീരാന്‍ കുട്ടിയാണ് അപ്പോ അവാര്‍ഡുന്നത്.

വിവരം നഗരമൊട്ടുക്കും പാട്ടായി. ആരാധകര്‍ കൂട്ടം കൂട്ടമായി ചീനിമരചോട്ടിലേക്കൊഴുകി. ബൈക്ക് കടത്താന്‍ പോലും പറ്റാത്തത്ര തിരക്ക്. എങ്ങനെ തിരക്കുണ്ടാകാതിരിക്കും? ആരാണ് വരാന്‍ പോകുന്നത്? ബീരാനിക്ക  എന്ന  പേര് കേട്ടാല്‍ തിളക്കണം ചോര ഞമ്മക്ക് ഞരമ്പുകളില്‍ എന്നാണല്ലോ.
നമ്മുടെ കഥാനായകന്‍ വലിയ ഗമയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി. ആളുകള്‍ക്ക് കൈ വീശിക്കാണിച്ചു. ആരാധകര്‍ നായകനെ ചക്കയില്‍ ഈച്ചകള്‍ പൊതിയുന്നത് പോലെ വീര്‍പ്പുമുട്ടിച്ചു. അദ്ദേഹം ജനക്കൂട്ടത്തില്‍ നിന്ന് മാന്യനെന്നി തോന്നിയ ഒരുത്തനെ വിളിച്ചിട്ട് മൊഴിഞ്ഞു:
"സാര്‍, ബണ്ടിക്കൂലി കൊടുക്കുമോ? "

മുന്തിയ  ബിസെന്‍സാരനല്ലേ ചോദിക്കുന്നത്. പറ്റില്ലെന്ന് പറയാന്‍ പറ്റുമോ? കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡായ 101 രൂപ കൊണ്ട് കഞ്ഞിയും കര് വാടിയും കഴിച്ചു ജീവിച്ചു പോകുന്ന ബിസെന്‍സാരുടെ  അരിഷ്ടത അറിയാവുന്ന അദ്ദേഹം മനമില്ലാമനസ്സോടെ വണ്ടിക്കൂലി നല്‍കി. ബീരാനിക്ക അയാള്‍ക്ക്‌ ഒരു 360° ചന്ദ്രക്കല മുഖത്ത് വെച്ച് കൊടുത്തു.

നായകന്‍ ആള്‍ക്കൂട്ടത്തെ തള്ളിമാറ്റിക്കൊണ്ട് വേച്ചു വേച്ചു വേദിയില്‍ കയറി. ജനം ആര്‍ത്തുവിളിച്ചു. നായകന്‍ മൈക്ക് കയ്യിലെടുത്ത് ഉഗ്രപ്രസംഗം തന്നെ കാച്ചി. 
"ബിനീതരായ പ്രദേശബാസികളെ, 
ഞമ്മ  ഇങ്ങളെ  മുന്നീ  ഞെളിഞ്ഞു നിക്കുമ്പോള്‍ ഞമ്മക്കോക്കോര്‍മ ബര്ണത് കയിഞ്ഞ കൊല്ലം  ഞമ്മക്ക്‌ തന്ന അവാര്‍ഡിന്‍റെ കാര്യാണ്. ഞമ്മ ബിജാര്ച്ചീനി ഇപ്പഹയമ്മാരെല്ലാരൂടെ ഞമ്മളെ മക്കാറാക്കാണോന്ന്‍. ന്നാലോ? ഇബടെ ബന്നപ്പളല്ലേ!! സംഗിതി പെര്ത്ത് ജോറെയിനിം. എല്ലേ പഹേമ്മാരും ഞമ്മളെത്തന്നെ നോക്കെയിനീന്ന്‍.. പോരാത്തീന് ഞമ്മക്ക് സില്‍മാ നടന്‍ സരോജ്കുമാറിന്‍റട്ത്ത്‌ന്ന്‍ 101 ഉര്‍പ്പ്യിം കിട്ടീനു. 

ന്നാലോ?? ബയങ്കെര തെണ്ടിത്തരാ അപ്പഹയമ്മാര് കാട്ടീത്‌. വെട്ടുതോട്ട്ന്ന്‍ ഓട്ടര്‍ഷ ബിള്‍ച്ച ബകേല് ചെല്‍വായ 150 ഉര്‍പ്പ്യ എത്ര ബട്ടം ചോയ്‌ച്ചൂന്നറിയോ..  ഈ പൈസ നമ്മളെ ഊരകത്തുള്ള ലാക്കട്ടരു തര്ണില്ലാന്ന്‍.. അതോണ്ടെന്നെ ഇക്കൊല്ലത്തെ അവാര്‍ഡ് ഞമ്മക്ക് മാണ്ടാണ്ണ്‍ ലാക്കട്ടരെ ബിള്‍ച്ച് പറഞ്ഞും ചെയ്തീനി. പശ്ശേ ഇക്കൊല്ലും ഞമ്മളെ മലര്‍ ജ്വല്ലറിന്‍റെ പേര് ലിസ്റ്റില് കണ്ട് ഞമ്മ ബോധം കെട്ട് ചാപ്പറെട്ടി.. ഞമ്മള്‍ നിര്‍ബന്ധിച്ച് ഒയിവാക്കിച്ചതാ ഞമ്മളെ പേര്‍.  ഇക്കൊല്ലം ഞമ്മ പറയ്ണ ബിര്തന് അവാര്‍ഡ് കൊട്ത്തില്ലേല്‍ ഞമ്മ കിട്ടിയ 101 ഉര്‍പ്പ്യേം കൂടെ തിര്ച്ച് കൊട്ക്കും. പടച്ചോനാണേ സത്യം. 49 പോയേന്‍റെ കൂടെ 101കൂടെ പോട്ടേ. ഇക്കൊല്ലത്തെ ലിസ്റ്റിലുള്ള പൌത്യോളം കച്ചോടക്കാര്  പെരും പോയത്തക്കാരാണ്ന്ന്‍.

ന്നാലും കൂട്ടത്തില് ഞമ്മക്ക് ഒരു ബിര്തന്‍റെ പേര് ഞമ്മള്‍ പറിം. മൂപ്പര്‍ക്ക്‌ അവാര്‍ഡ്കൊട്ക്കണ്ട്യെരും"

അനന്തരം നായകന്‍ കത്രിക കയ്യിലെടുത്ത്‌ ഒരു A4 മുറിച്ച് 9  കഷ്ണമാക്കി എല്ലാരിം പേരെഴ്ത്തി  സ്റ്റൈലായിത്തന്നെ മടക്കി ഒരു കുട്ക്കയിലിട്ട് കുലുക്കി ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി  ഒരു പേപ്പര്‍ കണ്ടം എടുത്തു.

എന്നാല്‍ വേങ്ങരവാസികള്‍ അപ്പോള്‍ കൂലങ്കഷമായ ചര്‍ച്ചയിലായിരുന്നു. ലിസ്റ്റില്‍ പകുത്യോളം പേര്‍ പോയത്തക്കാരാനെന്ന്‍ പറഞ്ഞത്‌  തങ്ങളുടെ ആരാധ്യകച്ചോടക്കാരായ കുഞ്ഞോന്‍ പുറംപാടം, വമ്പന്‍ സുക്കൂര്‍ ഹാജി, ഹൈ വോള്‍ട്ടേജ് മൈമു എന്നിവരെക്കുറിച്ചാനെന്ന്‍ നഗരവാസികള്‍ കണ്ടെത്തിക്കഴിഞ്ഞു. തങ്ങളുടെ അഭിമാനകച്ചോടക്കാരെ പോയത്തക്കാരായി ചിത്രീകരിച്ച ബീരാനിക്കാക്കെതിരെ വേങ്ങരവാസികളുടെ രോഷം  അണ പൊട്ടി.

തനി മൂരാച്ചിയായ ഒരുത്തന്‍ മഹാന്മാരെ അപമാനിക്കുകയോ? ഹാലിളകിയ പ്രദേശവാസികള്‍ കയ്യില്‍ കിട്ടിയതെടുത്ത് എറിയാനാരംഭിച്ചു . ചുരുക്കത്തില്‍ വേങ്ങരങ്ങാടിയിലെ സകലമാന കല്ലുകളും മുട്ട-തക്കാള്യാദികളും തെക്കേവീട്ടില്‍ കോംപ്ലക്സിലെത്തി.

അടുത്ത അവാര്‍ഡിനുള്ള കല്ലുകള്‍ മിനായില്‍ നിന്നും മറ്റു  മുട്ട-തക്കാള്യാദികള്‍ കോവൈയില്‍ നിന്നും അയച്ചിട്ടുണ്ടെന്നറിയാന്‍ കഴിഞ്ഞു. എന്തായാലും അതിവിടെ എത്തിയിട്ടില്ല.

നമ്മുടെ സൂപ്പര്‍ ബിസെന്‍സ്‌മാന്‍ പുറത്തിറങ്ങിയപ്പോഴേക്കും ഒരു പിച്ചാധിപതി ആയിരിക്കുന്നുവെന്നു  പറയേണ്ടതാണല്ലോ. ഇതിനിടെ ചുറ്റും കൂടിയ പത്രക്കാരോട് മേലാല്‍ ഇമ്മാതിരി ഒരു പ്രദേശത്തേക്ക് ഉദ്ഘാടിക്കാന്‍ വരൂല്ലാന്നും പറഞ്ഞു നായകന്‍ തടി സലാമത്താക്കി.